മൂന്ന് ദിവസത്തെ ജ്ഞാനമാർഗ കാര്യക്രമം

ज्ञानमार्ग से
Jump to navigation Jump to search

ഇത് ജ്ഞാന മാർഗത്തിലേക്ക് ചുരുക്കത്തിൽ ഉള്ള ഒരു ആമുഖം ആണ്. ഇതിൽ പ്രധാനമായ വിഷയം ആത്മജ്ഞാനം , മിഥ്യാബോധം, അദ്വൈതം എന്നിവയാണ്. ഈ പഠനത്തെ ഗുരു ശിഷ്യന് മനസ്സിലാവുന്ന രീതിയിൽ വ്യത്യസ്തമായ സംഭാഷണമായി നേരിട്ട് നൽകുകയാണ്. താഴെ പറയുന്നത് ഒരു മാർഗനിർദ്ദേശം മാത്രമാണ്. ഒരു ദിവസം ഒരു വിഷയം എന്ന രീതിയിൽ ചർച്ച ചെയ്യപ്പെടും. ഇത് ഏകദേശം 45 മുതൽ 60 മിനിറ്റോളം സമയം പിടിക്കും. യോഗ്യതയുള്ള ഒരു ഗുരുവിനും, പാത് ഓഫ് നോളജ് പ്രോഗ്രാം പൂർത്തിയാക്കിയവർക്കും, പ്രോഗ്രാമിൻ്റെ ഏഴാം പദത്തിൽ എത്തിയവർക്കും മാത്രമെ ഇത് പഠിപ്പിക്കാനുള്ള അർഹതയുള്ളൂ.

ഈ സേവനം തികച്ചും സൌജന്യമാണ്, കൂടാതെ ഇത് ഫോണിലൂടെയോ ഇന്റർനെറ്റിലൂടെയോ നൽകപ്പെടുന്നു. അധ്യാപകരെയും സന്നദ്ധപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഇവിടെയുണ്ട്: 3D PoK-നുള്ള അധ്യാപകരും സന്നദ്ധപ്രവർത്തകരും.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ ജ്ഞാനം/അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കും, താല്‍പര്യം ഉള്ളവർക്കും, പ്രത്യേകിച്ച്, ആത്മീയതയിലും ജ്ഞാന മാർഗത്തിലും സഞ്ചരിക്കുന്നവർക്കും, മാത്രമെ പഠിപ്പിക്കാവു.

സാധാരണക്കാരോ, ബുദ്ധി കുറവുള്ള ആളുകളോ ഇത് സ്വീകരിക്കരുത്. സമർത്ഥരും ജിജ്ഞാസുക്കളുമായുള്ള കുട്ടികളെ പഠിപ്പിക്കാം.

മാനസിക രോഗികൾ, ശാരീരിക പ്രശ്നങ്ങൾ ഉള്ളവർ, അയോഗ്യർ അടഞ്ഞ ചിന്താഗതി ഉള്ളവർ എന്നിവർക്ക് ഒരുകാരണവശാലും ഈ അറിവ് നൽകരുത്.

അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾക്ക് ഈ അറിവ് പകർന്നു തരുന്ന വ്യക്തി ഉത്തരവാദിയാണ്.

ഈ അധ്യാപനം തികച്ചും സേവനമെന്ന നിലയിൽ സൗജന്യമായിരിക്കണം. പണം ഈടാക്കുകയോ പകരം എന്തെങ്കിലും ചോദിക്കുകയോ പാടില്ല.

ആമുഖം: ജ്ഞാന മാർഗം

ഈ മാർഗം ആത്മീയ മാർഗമാണ്, അറിവിനെ (ജ്ഞാനത്തെ) കുറിച്ചാണ്. ഇതിൽ നാം അജ്ഞതയെ നശിപ്പിക്കുന്നു.

ബന്ധനം, കഷ്ടപ്പാട് എന്നിവയുടെ മൂല കാരണം പലതരത്തിലുള്ള അജ്ഞതയാണ്. എന്നതിനാൽ പരിചയസമ്പന്നനായ ഒരു അധ്യാപകൻറ്റെ/ ഗുരുവിൻ്റെ കീഴിൽ ശരിയായ പരിശീലനത്തിലൂടെ അജ്ഞതയെ ഇല്ലാതാക്കാൻ നാം ശ്രമിക്കുന്നു. ജ്ഞാന മാർഗം ഒരു ജീവിത ശൈലിയാണ്. നാം ജ്ഞാനത്തിൽ ജീവിക്കുന്നു. ഇത് നേരിട്ട് ഉള്ളതും ആത്യന്തികമായുമുള്ള മാർഗമാണ്.

ജ്ഞാനം/അറിവ് ലഭിക്കാൻ ഉള്ള മാർഗങ്ങൾ

ജ്ഞാനം എങ്ങനെ ലഭിക്കും? അതിനു രണ്ടു മാർഗങ്ങളുണ്ട്.

   1. നേരിട്ടുള്ള അനുഭവം (സ്വാനുഭവം). 
   2. യുക്തി 

ജ്ഞാന മാർഗത്തിൽ കിട്ടുന്ന ഫലങ്ങൾ

   • ആത്മാവിനെ തിരിച്ചറിയൽ (ആത്മസാക്ഷാത്കാരം) 
   • ഏകത്വത്തെ തിരിച്ചറിയൽ (ഏകത്വസാക്ഷാത്കാരം) 
   • അനുഭവങ്ങളെല്ലാം മിഥ്യയാണെന്ന തിരിച്ചറിവ്
   • ദുരിതങ്ങളുടെ അന്ത്യം 
   • സമ്പൂർണ സ്വാതന്ത്യ്രം 
   • വിമോചനം 
   • പരമാനന്ദം 
   • അതിവേഗ ആത്മീയ പരിണാമം 
   • പിന്നെ മറ്റു പലതും… 

പലതരത്തിലുള്ള ജ്ഞാനം

   1. ആത്മജ്ഞാനം. ആരാണ് ഞാൻ? 
   2. പ്രപഞ്ചത്തിൻ്റെ (മിഥ്യയുടെ) ജ്ഞാനം.  ഈ ലോകം യഥാർത്ഥമാണോ? 
   3. ഏകത്വത്തെ കുറിച്ചുള്ള ജ്ഞാനം. എങ്ങനെയാണ് എല്ലാം ഏകമാകുന്നത്?

ദിവസം 1- ആത്മജ്ഞാനം

ഞാൻ ആരാണ് എന്നും എൻ്റെ സത്ത് എന്താണെന്നും കണ്ടെത്താൻ ശ്രമിക്കാം. ഇത് എങ്ങനെ കണ്ടെത്തും? നേരിട്ടുള്ള അനുഭവത്തിലൂടെയും യുക്തിയിലൂടെയും നമുക്ക് എന്തും പര്യവേക്ഷണം ചെയ്യാൻ കഴിയും എന്നതിനാൽ അത് ഞാനാണോ അല്ലയോ എന്ന് നമുക്ക് പരിശോധിക്കാം. ഇനിപ്പറയുന്ന ചോദ്യങ്ങൾ ഓരോന്നായി സ്വയം ചോദിച്ച് ഉത്തരം നൽകുക.

വസ്തുക്കൾ

നേരിട്ടുള്ള അനുഭവത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ

വസ്തുക്കളുമായി എന്റെ ബന്ധം എന്താണെന്ന് ഇനി പറയുന്ന ചോദ്യങ്ങളിലൂടെ അറിയാം.

ഞാൻ ഇപ്പോൾ എവിടെയാണ്?

എന്‍റെ മുന്നിൽ എന്താണുള്ളത്?

ഞാൻ വസ്തുവിനെ നോക്കുകയാണോ അതോ വസ്തു എന്നെ നോക്കുകയാണോ?

ഇതിൽ എന്തെങ്കിലും സംശയം ഉണ്ടോ? ഞാൻ വസ്തു അല്ല, ഞാൻ വസ്തുവിനെ നോക്കുന്നു, വസ്തു എന്നെ നോക്കുന്നില്ലെന്ന് എനിക്ക് പറയാൻ കഴിയുമോ? അതെ എങ്കിൽ, ഞാൻ ആ വസ്തു ആകാൻ കഴിയില്ലെന്ന് വ്യക്തമാകുന്നു. അതിനാൽ എൻറെ നേരിട്ടുള്ള അനുഭവത്തിൽ നിന്ന്, എനിക്ക് കാണാൻ കഴിയുന്നതൊന്നും ഞാൻ ആകാൻ കഴിയില്ലെന്നു പറയാം. അതുപോലെ തന്നെ കേൾവി, സ്പർശനം, എന്നിവയ്ക്കും. ഇവയെ എല്ലാം അനുഭവങ്ങൾ എന്നു വിളിക്കാം .

ഇപ്പോൾ നാം ആ വസ്തുവിനെ വേറൊരു വസ്തുവായി മാറ്റുകയാണെങ്കിൽ, നിങ്ങൾ എന്ത് പറയും? വസ്തു മാറിയെന്ന് നിങ്ങൾ പറയുമോ അതോ ഞാൻ മാറിയെന്ന് പറയുമോ? വസ്തു മാറിയിട്ടും ഞാൻ മാറിയില്ലെങ്കില്‍‍‍, എൻറെ നേരിട്ട അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ എനിക്ക് പറയാം വസ്തു മാറിയാൽ ആ വസ്തു ഞാനല്ലെന്ന്. വസ്തു എന്ത് തന്നെയാണെങ്കിലും മാറിയിരിക്കുന്നു. ഞാൻ അതേപടി മാറ്റമില്ലാതെ ഇരിക്കുന്നു. അതിനാൽ നമ്മൾ രണ്ടു പ്രധാന നിയമങ്ങളിലേക്ക് എത്തുന്നു.

1) എനിക്ക് അതിന്‍റെ അനുഭവം അറിയാൻ കഴിയുമെങ്കിൽ, അത് ഞാൻ	

അല്ല.

2) അതിനു മാറ്റം ഉണ്ടാവുകയാണെങ്കിൽ അത് ഞാൻ അല്ല. 

ഈ രണ്ടു നിയമങ്ങളിൽ എന്തെങ്കിലും സംശയം ഉണ്ടോ? ഈ രണ്ടു നിയമങ്ങളും തികച്ചും സമഗ്രമായി പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ഞാനല്ലെന്ന് പറയാൻ നമുക്ക് എല്ലാം പരിശോധിക്കേണ്ട ആവശ്യമില്ല. നമുക്ക് യുക്തി ഉപയോഗിച്ച് നോക്കാം. ഞാൻ ഒരു വസ്തു അല്ല. എനിക്ക് കാണാൻ കഴിയുന്നതൊന്നും മാറ്റങ്ങൾ ഉണ്ടാക്കുന്നതൊന്നും ഞാൻ അല്ല. അനന്തരഫലം:

ലോകത്തിലുള്ള വസ്തുക്കൾ ഒന്നും ഞാൻ അല്ല. വസ്തുക്കളിൽ എന്നെ കണ്ടെത്താൻ കഴിയില്ല.

ശരീരം

മേൽപറഞ്ഞ രണ്ടു നിയമങ്ങളെ ഉപയോഗിച്ചു കൊണ്ട് നമുക്ക് ഇപ്പോൾ നേരിട്ട അനുഭവത്തിൻറെയും യുക്തിയുടെയും അടിസ്ഥാനത്തിൽ ശരീരത്തെ നോക്കാം. നിങ്ങൾ ശരീരത്തെ നോക്കുകയാണോ, അതോ ശരീരം നിങ്ങളെ നോക്കുകയാണോ?

നിയമ പ്രയോഗം: എനിക്ക് അനുഭവിക്കാൻ കഴിയുമെങ്കില്‍, അത് ഞാനല്ല. മാറുകയാണെങ്കില്‍‍, അത് ഞാനല്ല.

അപ്പോൾ ശരീരം ഞാനല്ല. ശരീര ഭാഗങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ ശരീരത്തിൻ്റെ ഭാഗങ്ങളും ഞാനല്ല. ഈ യുക്തി പ്രയോഗം ശരീരത്തിന്‍റെ ഏത് ഭാഗത്തിനും ബാധകമാണ്. അനന്തരഫലം: ഞാൻ ഈ ശരീരമല്ല. ശരീരത്തിന്‍റെ ഒരു ഭാഗവും ഞാനല്ല.

സംവേദനങ്ങൾ

നേരിട്ട അനുഭവത്തിന്‍റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സംവേദനങ്ങളുമായി എന്‍റെ ബന്ധം:

ഞാൻ കണ്ണാടിയിൽ കാണുന്ന ശരീരത്തിന് പകരം, അനുഭവിച്ചറിയാൻ കഴിയുന്ന ശരീരത്തെ ശ്രദ്ധിക്കാം: വേദന, ഉറക്കം, ക്ഷീണം എന്നിവ ശരീരത്തിൻ്റെ സംവേദനങ്ങളാണ്.

ശരീരത്തിലെ വേദനയെ നോക്കാം. നിങ്ങൾ വേദനയെ അനുഭവിക്കുകയാണോ അതോ വേദന നിങ്ങളെ അനുഭവിക്കുകയാണോ?

വേദന വരികയും പോവുകയും ചെയ്യുന്നുണ്ടോ? അതിനു മാറ്റം സംഭവിക്കുന്നുണ്ടോ?

നമ്മുടെ രണ്ടു നിയമങ്ങളെ പ്രയോഗിച്ചു നോക്കാം.

നേരിട്ട അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ, ഞാൻ വേദന അല്ലെന്ന് ഉത്തരമെങ്കിൽ യുക്തി പരമായി, ഈ സംവേദനങ്ങൾ ഒന്നും ഞാൻ അല്ലെന്ന് പറയാം.

അനന്തരഫലം: ഞാൻ സംവേദനങ്ങളല്ല. സംവേദനങ്ങൾ ഒന്നും ഞാനല്ല.

വികാരങ്ങൾ

ദേഷ്യം വന്നുപോകുന്നുണ്ടോ?

നമ്മുടെ രണ്ട് നിയമങ്ങളെ പ്രയോഗിച്ച്, ദേഷ്യം ഞാനാണോ എന്ന് പരിശോധിക്കുക. നേരിട്ട അനുഭവം ഉപയോഗിച്ച് ദേഷ്യം ഞാൻ അല്ലെന്നാണ് ഉത്തരമെങ്കില്‍, യുക്തി ഉപയോഗിച്ച് വികാരങ്ങളൊന്നും ഞാനല്ല എന്ന് പറയാൻ കഴിയും.

അനന്തരഫലം: ഞാൻ വികാരങ്ങളല്ല. വികാരങ്ങളൊന്നും ഞാനല്ല.

ചിന്തകൾ

ചിന്തകളെ ഞാൻ അനുഭവിക്കുകയാണോ, അതോ ചിന്തകൾ എന്നെ അനുഭവിക്കുകയാണോ?.

ഞാൻ ഇതാണ്, ഞാൻ അതാണ് എന്ന് പറയുന്നതും ഒരു ചിന്ത അല്ലേ? ഇത് എല്ലാറ്റിനെയും ഞാൻ എന്ന് പ്രഖ്യാപിക്കുന്ന അഹംചിന്തയാണ്. ഈ അഹംചിന്ത എല്ലാ അനുഭവങ്ങളുമായി ബന്ധപ്പെടുത്തുകയും പിന്നീട് ഇല്ലാതാകുകയും ചെയ്യുന്നു. ചിന്തകൾ വന്നു പോകുന്നുണ്ടോ? അവ മാറുന്നുണ്ടോ?

നമ്മുടെ രണ്ടു നിയമങ്ങൾ പ്രയോഗിച്ചു നോക്കുമ്പോൾ ചിന്തകളെ എനിക്ക് കാണാനും അനുഭവിക്കാനും കഴിയുന്നു. ചിന്തകൾ മാറിക്കൊണ്ടിരിക്കുന്നു. ഞാൻ എന്ന അഹംചിന്തയും വന്നു പോകുന്നതിനാൽ അതും ഞാൻ അല്ല.

അനന്തരഫലം: ഞാൻ ചിന്തകൾ അല്ല. ചിന്തകൾ ഒന്നും ഞാൻ അല്ല.

ആഗ്രഹങ്ങൾ

നേരിട്ട അനുഭവത്തിൻ്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ ആഗ്രഹങ്ങളെ നോക്കാം:

ഞാൻ ആഗ്രഹങ്ങളെ അറിയുകയാണോ അതോ ആഗ്രഹങ്ങൾ എന്നെ അറിയുകയാണോ?

ആഗ്രഹങ്ങൾ വന്നു പോകുന്നുണ്ടോ?

ആഗ്രഹങ്ങളുടെ അനുഭവം എനിക്ക് ഉണ്ടാവുകയും ആഗ്രഹങ്ങൾക്ക് മാറ്റം ഉണ്ടാവുകയും ചെയ്യുന്നതിനാൽ ഞാൻ ആഗ്രഹം അല്ല എന്ന് അറിയുന്നു.

അനന്തരഫലം: ഞാൻ ആഗ്രഹങ്ങൾ അല്ല. ആഗ്രഹങ്ങൾ ഒന്നും ഞാൻ ആകുന്നില്ല.

സ്മരണ

നേരിട്ട അനുഭവത്തിൻ്റെയും യുക്തിയുടെയും അടിസ്ഥനത്തിൽ സ്മരണയെ നോക്കാം:

ഓർമകളുടെ അനുഭവം എനിക്ക് ഉണ്ടാവുകയാണോ, അതോ സ്മരണയ്ക്ക് എൻ്റെ അനുഭവം ഉണ്ടാവുകയാണോ?

ഓർമകൾ വന്നു പോകുന്നുവോ? അതോ മാറിക്കൊണ്ടിരിക്കുന്നുവോ? ഓർമകൾ മാറുമ്പോൾ ഞാൻ മാറുന്നുണ്ടോ?

മറവി ഉണ്ടാകുമ്പോൾ ഞാൻ മറന്നു പോയി എന്ന് പറയുമോ അതോ ഞാൻ പോയി എന്ന് പറയുമോ?

ഒരു വർഷം മുമ്പ് എന്ത് വസ്ത്രമാണ് ഉടുത്തതെന്ന് എനിക്ക് ഓർമയുണ്ടോ? അത് ഓർമയില്ല എന്ന് വെച്ച് ഞാൻ അവിടെ ഇല്ലായിരുന്നു എന്ന് പറയുമോ, അതോ ഞാൻ മറന്ന് പോയി എന്ന് പറയുമോ? അങ്ങനെ ഞാൻ മറന്നുപോയെങ്കിലും ഞാൻ അവിടെ ഉണ്ടായിരുന്നു എന്നത് ഉറപ്പാണ്.

ഓർമയിൽ എന്തൊക്കെ ഉണ്ട്?

എൻറെ പേര് എന്താണ്?

ആരോ എനിക്ക് പേരിട്ടു. അത് എൻറെ ഓർമയിൽ ഉണ്ട്. എപ്പോൾ വേണമെങ്കിലും എനിക്ക് എൻ്റെ പേര് പെട്ടെന്ന് ഓർക്കാൻ പറ്റും.

ഞാൻ ഓർമ അല്ല എന്നതിനാൽ തന്നെ എനിക്ക് ഇടപ്പെട്ട പേരും ഞാൻ അല്ല. അത് വെറും ഒരു പേര് മാത്രമാണ്.

വിദ്യാഭ്യാസത്തെ നോക്കാം. വിദ്യാഭ്യാസം എവിടെ ഉണ്ട്. ഓർമ നഷ്ടപ്പെട്ടാൽ വിദ്യാഭ്യാസവും നഷ്ടപ്പെട്ടു പോകും. എൻ്റെ ഉദ്യോഗവും കഴിവുകളും എൻ്റെ ഓർമയിൽ ഉള്ളതാണ്. അപ്പോൾ അവയും ഞാൻ അല്ല.

ഞാൻ എൻ്റെ അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, കുട്ടികൾ എന്നിവരെ ഓർക്കുന്നുണ്ടോ? എൻ്റെ ഓർമ നഷ്ടപ്പെടുകയാണെങ്കിൽ ഈ ബന്ധങ്ങൾ എല്ലാം ഉണ്ടാകുമോ (അറിയുമോ)?. എൻ്റെ ബന്ധങ്ങളെ ഞാൻ ഓർക്കുന്നില്ല എന്ന് പറയുമോ, അതോ ഞാൻ ആരുമല്ല എന്ന് പറയുമോ?. ഞാൻ ഓർക്കുന്നില്ല എന്നേ പറയൂ. ഓർമ ഇല്ലാതായാൽ ബന്ധങ്ങളും ഇല്ലാതാവും. അപ്പോൾ ജാതി, മതം, പൗരത്വം ഒക്കെ എവിടെ?. പക്ഷേ, ഇതൊക്കെ മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ ആണ്. ഇതൊക്കെ ഞാൻ കുഞ്ഞായിരിക്കുമ്പോൾ മറ്റുള്ളവർ എനിക്ക് പറഞ്ഞു തന്നിട്ടുള്ളതാണ്. ഇതൊന്നും തന്നെ ഞാൻ അല്ല.

അനന്തരഫലം – ഞാൻ സ്മരണയല്ല. ഓർമയിൽ ഉള്ള വിഷയങ്ങൾ ഒന്നും ഞാനാവുകയില്ല.

ലിംഗഭേദം

ഞാൻ പുരുഷനോ സ്ത്രീയോ എന്ന് എങ്ങനെയാണ് അറിയുന്നത്? എൻറെ ശരീരം മൂലം. ആൺ, പെൺ എന്ന് ശരീരം രണ്ടു തരത്തിലാണ്. എന്നാൽ, ശരീരം ഞാൻ അല്ലെന്ന് നാം നേരത്തെ കണ്ടു.

എൻറെ ശരീരത്തിൻ്റെ സ്വഭാവം അനുസരിച്ച് ഞാൻ സ്ത്രീ ആണെന്നും പുരുഷനാണെന്നും പറഞ്ഞുതരപ്പെട്ടതാണ്. ഈ പ്രബോധനത്തെ മായ്ച്ചു കളഞ്ഞാൽ പിന്നെ ഒരു ലിംഗവുമായി തിരിച്ചറിയേണ്ട ആവശ്യമില്ല.

ലിംഗഭേദം, പുരുഷൻ-സ്ത്രീ എന്ന് അടിച്ചേൽപിക്കപ്പെട്ട ആശയങ്ങൾ എല്ലാം ഇപ്പോൾ ഇല്ലാതായി. ഈ ഭേദങ്ങൾ വെറും ഓർമ മാത്രമാണ്, മറ്റൊന്നുമല്ല.

ഞാൻ എന്ന് പറയാൻ കഴിയുന്ന വേറെ എന്തെങ്കിലും ബാക്കി ഉണ്ടോ?

ഞാൻ എന്ന് കരുതിയിരുന്നത് എല്ലാം ഓർമയുടെ ഭാഗം മാത്രമാണ്. നമ്മുടെ രണ്ടു നിയമങ്ങൾ പ്രയോഗിച്ചു, ഞാൻ ഓർമകൾ അല്ല എന്നും, അനുഭവങ്ങൾ ഒന്നും ഞാൻ അല്ലെന്നും, യുക്തിപരമായി നയിക്കപ്പെട്ടിരിക്കുന്നു.

എല്ലാ അനുഭവങ്ങളും സ്മരണയിൽ ആണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. സ്മരണ/ഓർമ ഞാൻ അല്ലെങ്കിൽ പിന്നെ അനുഭവിക്കപ്പെടുന്നത് ഒന്നും തന്നെ ഞാനല്ല.

അനന്തരഫലം – ഞാൻ അനുഭവം അല്ല. അനുഭവങ്ങൾ ഒന്നും ഞാനല്ല.

അനുഭവസ്ഥൻ

ഇപ്പോൾ സ്വയം ചോദിക്കൂ- ഞാൻ വസ്തുക്കളല്ല, ശരീരമല്ല, സംവേദനങ്ങളല്ല, വികാരങ്ങളല്ല, ചിന്തകളല്ല, ആഗ്രഹങ്ങളല്ല, ഓർമകളല്ല, അനുഭവങ്ങളല്ല എങ്കിൽ, ഞാൻ ഇപ്പോൾ എവിടെ? അവിടെ ഉണ്ടോ?

അവിടെ ഒന്നുമില്ലെങ്കിൽ, ആരാണ് എല്ലാ അനുഭവങ്ങളും കാണുന്നത്?

ഞാൻ ഇപ്പോഴും അവിടെയുണ്ട്. ഞാൻ എല്ലാം നിരീക്ഷിക്കുന്നു. ഞാൻ അനുഭവസ്ഥനാണ്. ഞാൻ സാക്ഷിയാണ്.

അനുഭവിച്ചല്ല അനുഭവസ്ഥനെ അറിയുന്നത്, അതായിരിക്കുന്നതിലൂടെ ആണ്. ഞാൻ അനുഭവം ഒന്നും തന്നെ അല്ല. അതുകൊണ്ട് അത് ഞാനല്ലെന്ന് എനിക്ക് പറയാൻ കഴിയുമോ?

രൂപം

ഇപ്പോൾ സാക്ഷിയെ അന്വേഷിക്കാം. സാക്ഷിയിൽ ഏതെങ്കിലും ആകൃതി, രൂപം, നിറം, സാമഗ്രി, പദാർത്ഥം അനുഭവപ്പെടുന്നുണ്ടോ?

രൂപം ഉണ്ടായിരുന്നെങ്കിൽ എൻ്റെ കണ്ണുകൾ കാണുമായിരുന്നു. എന്തെങ്കിലും രൂപം ഉണ്ടെങ്കിൽ പോലും അത് ഞാൻ അല്ല.

സാക്ഷി ഇപ്പോഴും അവിടെയുണ്ട്. പക്ഷേ നോക്കിയാൽ അവിടെ ഒന്നും ഇല്ല. ശൂന്യമാണ്. അതിനു നിറം, ആകൃതി, രൂപം, പദാർത്ഥം ഒന്നുമില്ല. എന്നാൽ അത് ഇപ്പോഴും അവിടെ ഉണ്ട്.

സാക്ഷിയിൽ വ്യാപ്തം, ഊർജം, അവസ്ഥ, വൈദ്യുതി, പരമാണു എന്ന് എന്തെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ ഇവയെല്ലാം കാണപ്പെടും, അനുഭവിക്കപ്പെടും. അല്ലെങ്കിൽ അവയിൽ മാറ്റങ്ങൾ സംഭവിക്കും. ഇത്തരത്തിലുള്ള ഒരു കാര്യവും സാക്ഷിയിൽ അനുഭവിക്കാൻ കഴിയില്ല.

അനന്തരഫലം : ഞാൻ രൂപരഹിതമാണ്, നിരാകാരമാണ്.

മാറ്റം

ഒരു മാറ്റം സംഭവിച്ചാൽ ഉടൻ തന്നെ നമുക്ക് കാണാൻ കഴിയും. പക്ഷേ നിയമം-2 പറയുന്നു മാറ്റം സംഭവിച്ചാൽ അത് ഞാൻ ആകില്ലെന്ന്.

മാറ്റം സംഭവിക്കുന്നത് എല്ലാം ശാശ്വതമല്ലാത്തതാണ്. മാറ്റം സംഭവിക്കാത്തത് ശാശ്വതമാണ്. ഞാൻ മാത്രമാണ് ശാശ്വതം, മറ്റെല്ലാം മാറുന്നതാണ്.

അനന്തരഫലം: ഞാൻ മാറ്റമില്ലാത്തതാണ്.

ജനനം

ഞാൻ എപ്പോഴാണ് ജനിച്ചത്?

ഒരു കുഞ്ഞിൻ്റെ ശരീരത്തിൻ്റെ രൂപീകരണമാണ് ജനനം. അത് ഒരു ശരീരത്തിന്റെ ജനനമായിരുന്നു, ഇപ്പോൾ ആ ചെറിയ ശരീരം ഇല്ലാതായി. ഒരു ശരീരം ജനിച്ചു. എന്നിട്ട് ഞാൻ ജനിച്ചതായി പറയപ്പെട്ടു. പക്ഷേ ഞാൻ ആ ശരീരമല്ല, ഈ വളർന്ന ശരീരവും ഞാനല്ല. ഈ ശരീരം അവയവങ്ങൾ, പദാർത്ഥം, ആഹാരം എന്നിവയുടെ ശേഖരമാണ്. ഞാൻ ജനിച്ചു എന്ന് എനിക്ക് പറയാൻ കഴിയില്ല, എന്നാലും ഞാൻ അവിടെ തന്നെ ഉണ്ട്.

ജനനം മാറ്റത്തിൻ്റെ പ്രക്രിയയാണ്. പക്ഷേ ഞാൻ മാറ്റം ഇല്ലാത്തതായതിനാൽ എൻറെ ജനനം അസാധ്യമാണ്.

സാക്ഷി (ഞാൻ) എപ്പോഴാണ് ജനിച്ചതെന്ന് ഒരു ജനന പത്രത്തിനും പറയാൻ കഴിയില്ല. സാക്ഷിയിൽ രൂപമെടുക്കാൻ ഒന്നും തന്നെ ഇല്ല. സാക്ഷി നിരാകാരമാണ് എന്നതിനാൽ ജനിക്കാൻ കഴിയുകയില്ല.

ശരീരം മാത്രമേ ജനിക്കുകയുള്ളു, ഞാൻ അല്ല. അതിനാൽ ഞാൻ ജനിക്കുക എന്നത് അസാധ്യമാണ്.

അനന്തരഫലം: ഞാൻ ജനിച്ചിട്ടില്ലാ. ഞാൻ ജനനരഹിതമാണ്. അജന്മാവാണ്.

പ്രായവും മരണവും

എനിക്ക് പ്രായമാകുന്നുണ്ടോ?

ഞാൻ ജനിച്ചിട്ടില്ലെങ്കിൽ എനിക്ക് പ്രായമാകാൻ കഴിയുമോ?

പ്രായമാകൽ മാറ്റത്തിന്റെ ഒരു പ്രക്രിയയാണ്. പക്ഷെ ഞാൻ ഒരിക്കലും മാറുന്നില്ല. അതിനാൽ എനിക്ക് ഒരിക്കലും പ്രായവുമാകില്ല. കാലത്തിനനുസരിച്ച് അധഃപതിക്കുന്നതോ പ്രായമാകാവുന്നതോ ആയ യാതൊന്നും സാക്ഷിയിലില്ല. എന്തെങ്കിലും ജനിച്ചാൽ, അത് മരിക്കുമോ?

മരങ്ങൾ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. മണ്ണ് തിരിച്ചു മണ്ണാകുന്നു. മനുഷ്യർ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. വസ്തുക്കൾ നിർമിക്കപ്പെടുകയും കൂട്ടിച്ചേർക്കുകയും വേർപെടുത്തപ്പെടുകയും ചെയ്യുന്നു. ഒന്നും അവശേഷിക്കുന്നില്ല.. ജനിക്കുന്നതെന്തും മരിക്കാൻ വിധിച്ചതാണ്. മരണവും ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ്. ഞാൻ ജനിച്ചിട്ടില്ല എങ്കിൽ എനിക്ക് മരിക്കാൻ ഒക്കുമോ?.

അനന്തരഫലം: എനിക്ക് പ്രായം എന്നത് ഇല്ല. ഞാൻ അനശ്വരമാണ്.

മുക്തിയും പുനർജന്മവും

എനിക്ക് ജനനവും മരണവും ഇല്ലെങ്കിൽ പിന്നെ പുനർജനനം സാധ്യമാണോ? ഞാൻ ഒരിക്കലും ജനിച്ചിട്ടില്ല, ഞാൻ ഒരിക്കലും മരിക്കില്ല, ഇനി ഒരിക്കലും ജനിക്കുകയുമില്ല. ആവർത്തിച്ച് ജന്മം എടുക്കുന്നത് ഞാൻ അല്ല.

പരമ്പരാഗതമായി മുക്തി എന്നത് എന്താണ്? ജനന മരണ ചക്രങ്ങളിൽ നിന്ന് മുക്തനാകേണം എന്ന സങ്കൽപമാണത്.

വീണ്ടും ജനിക്കാൻ എനിക്ക് പറ്റുമോ? ഇല്ല. ഞാൻ നേരത്തെ തന്നെ ഈ ചക്രത്തിൽ നിന്ന് മുക്തനാണ്. ഇവിടെ ഇതാ എന്റെ മുക്തി.

എന്താണ് സ്വാതന്ത്ര്യം?- ഒന്നിലും ബന്ധിക്കപ്പെടാതിരിക്കുക. സാക്ഷിയെ എന്തെങ്കിലും തന്നെ ബന്ധിക്കുന്നുണ്ടോ?

എനിക്ക് ഭക്ഷിക്കേണ്ട, ഉറങ്ങേണ്ട, വിശ്രമിക്കേണ്ട ആവശ്യം ഉണ്ടോ? എന്നെ ആർക്കെങ്കിലും തടവിൽ അടയ്ക്കാൻ കഴിയുമോ?

ഇങ്ങനെ പരിശോധിക്കുമ്പോൾ എനിക്ക് ബന്ധനവും അതിരുകളും ഇല്ലെന്ന് ഞാൻ കണ്ടെത്തുന്നു. എന്നിൽ ഒരു പരിധിയുമില്ല.

അനന്തരഫലം: ഞാൻ വിമോചിതനും സ്വതന്ത്രനും അതിരുകളില്ലാത്തവനും പരിധിയില്ലാത്തവനുമാണ്.

ശാന്തിയും പരമാനന്ദവും

ആഗ്രഹം, ചിന്ത, വികാരം എന്നിവ ഇല്ലാത്തപ്പോഴും, ഒന്നും ചെയ്യാൻ ഇല്ലാത്തപ്പോഴും ഞാൻ സമാധാനത്തിൽ അല്ലേ? ഈ സമാധാനത്തെ ഭംഗം വരുത്തുന്നത് എന്തെങ്കിലും ഉണ്ടോ? ശരിക്കും ഇവിടെ ഒന്നും സംഭവിക്കുന്നില്ല.

അവിടെ സന്തോഷം, ദുഃഖം എന്നീ രണ്ടിൻറെയും പൂർണമായ അഭാവം ഉണ്ട്. ഈ അവസ്ഥയാണ് ആനന്ദം എന്നത്. ഇതാണു എൻ്റെ യഥാർത്ഥ സ്വരൂപം. അനന്തരഫലം: ഞാൻ നിത്യമായി ശാന്തിയും പരമാനന്ദവും ആണ്. അത് ഒരിക്കലും പോകില്ല.

പ്രേമം

ഞാൻ ചോദിച്ച എല്ലാ ചോദ്യങ്ങളും നിങ്ങൾ എന്നോട് ചോദിച്ചാൽ, എന്താണ് ഞാൻ ' എന്ന് പറയും? അത്യന്താപേക്ഷിതമായി നിങ്ങളും ഞാനും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? കുപ്പിയിലെ വെള്ളം ഗ്ലാസിലെ വെള്ളത്തിൽ നിന്ന് വ്യത്യസ്തമാണോ? കുപ്പിയും ഗ്ലാസും പൊട്ടിയാൽ നമുക്ക് വെള്ളം വേർപെടുത്താൻ ഒക്കുമോ? ജലമാണ് സാരാംശം, ഒരേ വെള്ളമാണ് വ്യത്യസ്ത പാത്രങ്ങളിൽ ഉള്ളത്. താങ്കൾ എന്തുതന്നെയാണോ അത് ഞാനാണ്. എനിക്കും താങ്കൾക്കും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഞാൻ അനുഭവസ്ഥനാണ്, താങ്കളും അതുതന്നെ. സമുദ്രത്തിലെ രണ്ട് തിരകൾ - ഒന്ന് ഞാൻ വെള്ളമാണെന്നും മറ്റൊന്ന് ഞാനും വെള്ളമാണെന്നും പറയുന്നു. അവ ഒന്നാണോ അതോ വ്യത്യസ്തമാണോ? ഒരുപക്ഷേ, രൂപങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ, അവ ഒന്നാണ്.

രൂപങ്ങൾ വേറെയായിരിക്കാം. അത് ഞാൻ അല്ല. എന്നാൽ എന്താണോ ബാക്കി അവശേഷിക്കുന്നുവോ അതാണ് ഞാൻ, ആ സത്ത്. രൂപരഹിതമായി ഇരിക്കുമ്പോൾ ഞാനും താങ്കളും ഒന്നാണ്. അങ്ങനെ ആവുമ്പോൾ താങ്കൾ ഞാനും, ഞാൻ താങ്കളുമാണ്. ഇതിലും നല്ലൊരു ബന്ധം ഉണ്ടാകുമോ? ഇതിലും കൂടുതൽ അടുപ്പം ഉണ്ടാകാൻ സാധിക്കുമോ? രണ്ട് ഒന്നാകുന്നതാണ് പ്രേമം. ഇതിൽ അകൽച്ച ഇല്ല. നമ്മൾ ശരിക്കും ഒരൊറ്റ സാക്ഷിയാണ്.

ചുരുക്കത്തിൽ, ഞാൻ: • അജന്മാവ് • അനശ്വരം • പ്രായമില്ലാത്തത് • നിരാകാരം • നിരന്തരം • ശൂന്യം • നിര്‍മലം • ശാശ്വതം • സ്വാതന്ത്ര്യം • ശാന്തി • പരമാനന്ദം • പ്രേമം

ഇതാണ് എന്റെ അസ്തിത്വം, ഇതാണ് ഞാൻ. ഇതാണ് ആത്മസാക്ഷാത്കാരം.


ദിവസം 2- മിഥ്യയുടെ ജ്ഞാനം

നേരിട്ടുള്ള അനുഭവം, യുക്തി എന്നീ ഉപകരണങ്ങൾ ഉപയോഗിച്ച്, അനുഭവിക്കാൻ കഴിയുന്നതെല്ലാം ഒരു മിഥ്യയാണെന്ന് നമുക്ക് വീണ്ടും ഒന്ന് കാണാം. അഥവാ എല്ലാ അനുഭവങ്ങളും അസത്യമാണെന്നു പറയാം.

നേരിട്ടുള്ള അനുഭവം

ഇനിപ്പറയുന്ന ചോദ്യങ്ങൾ ഓരോന്നായി സ്വയം ചോദിക്കുക.

ഞാൻ ഇപ്പോൾ എവിടെയാണ്? (അല്ലെങ്കിൽ എന്റെ ശരീരം ഇപ്പോൾ എവിടെയാണ്)

എന്റെ മുന്നിൽ എന്താണ്? (വസ്തുവിന്റെ പേര് പറയുക).

നമുക്ക് ഈ വസ്തുവിനെ മാത്രം ഒന്ന് നോക്കാം. ഞാൻ വസ്‌തുവിനെ നോക്കുകയാണോ അതോ അവിടെ ഉള്ള വസ്തുവിനെ ഞാൻ നേരിട്ട് അനുഭവിച്ചറിയുകയാണോ? അല്ലെങ്കിൽ കണ്ണുകൾ വസ്തുവിനെ കുറിച്ച് കണ്ടെത്തിയതിനെ ഞാൻ അനുഭവിച്ചു അറിയുകയാണോ?

വസ്തുവിനെക്കുറിച്ച് കണ്ണുകൾ പറയുന്നത് മാത്രമാണ് നിങ്ങൾ അനുഭവിച്ചറിയുന്നത് എന്ന് നിങ്ങൾ കാണും. ഇതിൽ എന്തെങ്കിലും സംശയം ഉണ്ടോ?

ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഒരു ചുവന്ന തക്കാളി ഉണ്ടെന്ന് വെക്കാം.

എന്താണ് തക്കാളിയുടെ നിറം? നിങ്ങൾ ചുവപ്പ് എന്ന് പറയാനാണ് സാധ്യത.

നാം ഈ തക്കാളിയിൽ നീല വെളിച്ചം മിന്നിച്ചാൽ, തക്കാളിയുടെ നിറം എന്തായിരിക്കും? ഇപ്പോൾ അത് കറുത്തതായി കാണപ്പെടും.

തക്കാളി വെളുത്ത സൂര്യപ്രകാശത്തിൽ നിന്നുള്ള എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുകയും, ചുവപ്പ് നിറം മാത്രം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതിനാൽ തക്കാളി ചുവന്ന നിറത്തിൽ കാണപ്പെടുന്നു. അതിൽ നീല വെളിച്ചം പതിക്കുമ്പോൾ, അത് എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുകയും കറുത്തതായി കാണപ്പെടുകയും ചെയ്യുന്നു. അപ്പോൾ തക്കാളിയുടെ യഥാർത്ഥ നിറം എന്താണ്?

വെളുത്ത വെളിച്ചത്തിൽ ആയിരിക്കുമ്പോൾ മാത്രമേ ഞാൻ നിറത്തെ അംഗീകരിക്കയുള്ളു എന്ന് ഒരാൾ പറയുകയാണെങ്കിൽ തക്കാളിയുടെ നിറം ചുവപ്പായിരിക്കും. വെളളയോ, നീലയോ അല്ല, ഓറഞ്ച് വെളിച്ചത്തിൽ കാണുന്നത് മാത്രമാണ് യഥാർത്ഥ നിറമെന്ന് ഞാൻ കരുതുകയുള്ളു എന്നു ആർക്കും പറയാൻ കഴിയും. വ്യത്യസ്‌ത ആളുകൾ വ്യത്യസ്‌ത വെളിച്ചത്തിൽ തക്കാളിയെ കാണാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, തക്കാളിയുടെ നിറമെന്താണ്? യഥാർത്ഥ നിറമെന്ന് ഒന്ന് ഇല്ല. അത് ഏകപക്ഷീയമായി തീരുമാനിച്ചിരിക്കുന്നതാണ്. ഇത് ചുവപ്പാണെന്ന് പലരും സമ്മതിക്കുന്നു. സൂര്യപ്രകാശം വെളുത്തതായിരിക്കുന്നതിന് പകരം നീല വെളിച്ചമാണെങ്കിൽ, തക്കാളി കറുപ്പാണെന്ന് എല്ലാവരും സമ്മതിക്കും. അത് യാഥാർത്ഥ്യമാകും.

നാം നമ്മുടെ കണ്ണൂകൾ പറയുന്ന രൂപവും നിറവും മാത്രമേ അനുഭവിച്ചറിയുന്നുള്ളു. യാഥാർഥ്യം ഒരിക്കലും കാണുന്നില്ല, ആർക്കും അറിയുകയുമില്ല. അതിനാൽ യഥാർത്ഥത്തിൽ നിറമില്ലെന്ന് നാം കാണുന്നു, അത് ഏകപക്ഷീയമാണ്. ഒരാൾക്ക് കണ്ണിൽ പ്രശ്‌നമുണ്ടെങ്കിൽ , അയാൾക്ക് എല്ലാം രണ്ടായി കാണും. രണ്ട് തക്കാളി ഉണ്ടെന്ന് അയാൾ പറയും. എന്നാൽ രണ്ട് തക്കാളി ഉണ്ടോ? എല്ലാവരുടെയും കണ്ണിൽ അത്തരമൊരു വൈകല്യം ഉണ്ടെങ്കിൽ, അവർ എത്ര തക്കാളി കാണും? രണ്ട്. അപ്പോൾ സത്യം വെറും ഒരു ഉടമ്പടി മാത്രമാണ്.

ട്രാഫിക് ലൈറ്റുകൾ കാണാൻ കഴിയാത്ത ആളുകളുണ്ട്. അവർ ഒരിക്കലും ആ നിറങ്ങൾ കാണുന്നില്ല. അന്ധനായ ഒരാൾക്ക് ചന്ദ്രനും, നക്ഷത്രങ്ങളും ഇല്ല. ഇന്ദ്രിയങ്ങൾ മൂലമാണ് ലോകം പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്ത ജീവികൾക്ക് വ്യത്യസ്ത ഇന്ദ്രിയങ്ങളുണ്ട്. ചില ജീവികൾക്ക് നമ്മളേക്കാൾ മികച്ച ഇന്ദ്രിയങ്ങൾ ഉണ്ട്.

നിങ്ങളുടെ സ്പർശനവും വികലമാണെങ്കിൽ, നിങ്ങൾ എന്ത് തൊട്ടാലും അത് രണ്ടെന്ന രീതിയിൽ കാണപ്പെടും. ഇപ്പോൾ, രണ്ട് തക്കാളി ഉണ്ടെന്ന കാര്യത്തിൽ മനസ്സിൽ ഒരു സംശയവും ഉണ്ടാവില്ല. തക്കാളിയുടെ മിഥ്യാബോധം ഇന്ദ്രിയങ്ങളാൽ ഉത്പാദിപ്പിക്കപ്പെടുന്നു. അവിടെ എന്താണ് ഉള്ളതെന്ന് ഇന്ദ്രിയങ്ങൾ നമ്മോട് പറയുന്നു. എന്താണ് അവിടെ ഉള്ളതെന്ന് യഥാർത്ഥത്തിൽ നമുക്ക് അറിയില്ല. പനിക്കുമ്പോൾ നാം എന്തു കഴിച്ചാലും രുചിയുണ്ടാവാറില്ല. രുചി വസ്തുക്കളിൽ അല്ല. എന്താണ് രുചി എന്ന് പറയുന്നത് നാവാണ്. യഥാർത്ഥത്തിൽ രുചി എന്നത് ഒന്നിലും ഇല്ല.

നമുക്ക് ഒരു ഉദാഹരണം കൂടി എടുക്കാം – നമ്മൾ മൂന്ന് കപ്പ് വെള്ളം എടുക്കുന്നു. ഒന്നിൽ തിളച്ച വെള്ളവും മറ്റൊന്നിൽ വളരെ തണുത്ത വെള്ളവും മധ്യത്തിൽ ഉള്ളത് മുറിയുടെ ഊഷ്മാവിലുമാണ്. തിളച്ച വെള്ളത്തിൽ കൈ മുക്കുക, എന്നിട്ട് നടുവിലെ പാത്രത്തിലുള്ള സാധാരണ ഊഷ്മാവിലുള്ള വെള്ളത്തിൽ മുക്കുക. ഇപ്പോൾ നിങ്ങളുടെ കൈ തണുത്തതായി അനുഭവപ്പെടും. എന്നിട്ട് നിങ്ങൾ വളരെ തണുത്ത വെള്ളത്തിൽ കൈ മുക്കി വീണ്ടും നടുവിലെ പാത്രത്തിൽ മുക്കുക, നിങ്ങളുടെ കൈ ചൂടായി അനുഭവപ്പെടും. അപ്പോൾ നടുവിലെ പാത്രത്തിലെ വെള്ളം ചൂടാണോ തണുപ്പാണോ? മൂന്നാമത്തെ പാത്രവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ചൂടാണ്, എന്നാൽ ആദ്യത്തെ പാത്രത്തെ താരതമ്യം ചെയ്താൽ തണുപ്പാണ്. അത് ആപേക്ഷികമാണ്. ഇന്ദ്രിയങ്ങൾ ഉണ്ടാക്കി എടുക്കുകയാണ്. അവിടെ ചൂടോ തണുപ്പോ ഇല്ല.

നമുക്ക് ഒരു ഉദാഹരണം കൂടി എടുക്കാം- കഴിഞ്ഞ മൂന്നു ദിവസമായി ഭക്ഷണം കഴിക്കാതെ വിശന്നിരിക്കുന്ന ഒരു യാചകന്റെ നേരെ നിങ്ങൾ പഴകിയ ഒരു റൊട്ടിക്കഷ്ണം കൊടുത്താൽ അയാളുടെ പ്രതികരണം എന്തായിരിക്കും? പത്തു രൂപയും കൂടി കൊടുത്താൽ അയാൾക്ക് വല്ലാത്ത സന്തോഷം തോന്നും.

ഇപ്പോൾ നിങ്ങൾ അതേ റൊട്ടി ഒരു കോടീശ്വരന് കൊടുത്താൽ അയാൾക്ക് എന്ത് തോന്നും? ദേഷ്യവും അപമാനവും ആയിരിക്കും.

അപ്പോൾ ഒരേ വസ്തു ഒരു വ്യക്തിക്ക് സന്തോഷവും മറ്റൊരാൾക്ക് സന്താപവും നൽകുന്നത് എങ്ങനെ? അത് തികച്ചും ആത്മനിഷ്ഠമാണ്. സന്തോഷവും സന്താപവും എന്നൊന്നും ഇല്ല. അങ്ങനെയുണ്ടെങ്കിൽ തന്നെ അത് ഒന്നിനെയും ആശ്രയിച്ചല്ല. അതൊരു മിഥ്യയാണ്.

ഇതാണ് നേരിട്ടുള്ള അനുഭവം. നമുക്ക് ഇപ്പോൾ യുക്തിയെ നോക്കാം.

യുക്തി

ഞാൻ എന്റെ പേര് വിജയൻ എന്ന് പറയുകയും, എല്ലാ ദിവസവും അത് പറയുകയാണെങ്കിൽ, എന്റെ പേരെന്താണ്?

ഒരു ദിവസം ഞാൻ എന്റെ പേര് രാജീവൻ എന്നും, രണ്ടാം ദിവസം അശോകൻ എന്നും, മൂന്നാം ദിവസം ഗണേശൻ എന്നും പറയുകയാണെങ്കിൽ പിന്നെ എന്റെ പേരെന്താണ്? മാറിക്കൊണ്ടിരിക്കുന്നതിനാൽ യഥാർത്ഥത്തിൽ ഒരു പേരില്ല. പേര് വാസ്തവവമല്ലെന്ന് കാണാം.

നിങ്ങൾ ഒരു വസ്തു വാങ്ങാൻ കടയിൽ പോകുന്നു. കടയുടമ 50 രൂപ വില പറയുന്നു, രണ്ടാം ദിവസം 70 രൂപയെന്നും, മൂന്നാം ദിവസം അതേ വസ്തുവിന് 30 രൂപയെന്നും പറയുന്നു; എല്ലാ ദിവസവും വില മാറ്റിക്കൊണ്ടിരിക്കുകയാണെങ്കിൽ, അതിൻറെ വില എത്രയാണ്? മാറിക്കൊണ്ടിരിക്കുന്നതിനാൽ ഒരു യഥാർത്ഥ വിലയില്ല.

ഞാൻ ഒരു സ്വത്ത് വാങ്ങാൻ പോകുന്നു, ആളുമായി സംസാരിക്കുമ്പോൾ അദ്ദേഹം സ്വത്തിൻറെ ചില വിശദാംശങ്ങൾ നൽകുന്നു. എന്നിട്ട് ഞാൻ അതിൻ്റെ പ്രമാണ പത്രം നോക്കുമ്പോൾ അയാൾ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമാണ് വിശദാംശങ്ങൾ. ഞാൻ ആ സമ്പത്ത് വാങ്ങുമോ? ഇല്ല. കാരണം, വിവരങ്ങൾ മാറിയിരിക്കുന്നു.

സത്യമാണോ അസത്യമാണോ എന്ന് കണ്ടെത്താൻ പൊതുവേയുള്ള മാർഗം, അത് മാറുന്നോ ഇല്ലയോ എന്ന് പരിശോധിക്കുക എന്നതാണ്.

ഞാൻ കടലിലേക്ക് നോക്കുമ്പോൾ തിരമാലകൾ കാണുന്നു. പക്ഷേ, കടലിനെ ഉപേക്ഷിച്ച് തിരമാലകളെ മാത്രം കൊണ്ടുപോകാൻ എനിക്ക് കഴിയുമോ? എന്താണ് മാറുന്നത്, തിരകളോ വെള്ളമോ? തരംഗങ്ങൾക്ക് സ്വതന്ത്രമായ അസ്തിത്വം ഇല്ലാ, അതിനാൽ അവ സത്യമല്ല. അത്, ജലം രൂപമെടു്ക്കുന്ന ഒരു സംഭവമാണ്, മനസ്സിലെ ഒരു ആശയം മാത്രമാണ്. ജലം ഉണ്ടാകുന്ന ആകൃതിയെ നാം തരംഗമെന്ന് നാമകരണം ചെയ്തിരിക്കുന്നു. ആകൃതി മാത്രമേ മാറുന്നുള്ളു, വെള്ളമല്ല.

നമുക്ക് മറ്റൊരു ഉദാഹരണം നോക്കാം, മൺകുടവും കളിമണ്ണും. കളിമണ്ണ് എടുക്കാതെ കുടം മാത്രം കൊണ്ടു പോകാൻ ആകുമോ? ഇവിടെ എന്താണ് മാറുന്നത്, ആകൃതിയോ കളിമണ്ണോ? കുടം മാറുകയാണ്, കളിമണ്ണല്ല. കളിമണ്ണിന് പാത്രം, ചരാത്, വിഗ്രഹം, ഇഷ്ടിക മുതലായ പല രൂപങ്ങളുണ്ടാകാം. ആകൃതി മാറുന്നു പക്ഷേ കളിമണ്ണ് മാറുന്നില്ല.

മറ്റൊരു ഉദാഹരണം സ്വർണ്ണവും ആഭരണങ്ങളും ആണ്. ആഭരണങ്ങൾ ഏത് രൂപത്തിലും ആകാം. എന്നാൽ സ്വർണ്ണമില്ലാതെ നമുക്ക് ആഭരണങ്ങൾ ഉണ്ടാകില്ല. രൂപമാണ് മാറുന്നത്, സത്തയല്ല. സത്ത മാറുന്നില്ല. അറിവിന്റെ പാതയിൽ, എന്തെങ്കിലും മാറുകയാണെങ്കിൽ അത് നിലവിലില്ല, അത് അപ്രധാനമാണ്. അത് ഒരു ആശയം മാത്രമാണ്. സാരാംശം മാറാത്തതാണ്. അത് മാത്രമേ സത്യമായി കണക്കാക്കാൻ കഴിയൂ.

ഇനി നമുക്ക് നമ്മുടെ അനുഭവങ്ങളെ നോക്കാം. നിങ്ങളുടെ അനുഭവത്തിൽ മാറാത്ത എന്തെങ്കിലും ഉണ്ടോ? എല്ലാ കാര്യങ്ങളും മാറുകയാണ്. അതിനാൽ എല്ലാം വ്യാജമാണ്, മിഥ്യയാണ്. ഒന്നും സത്യമല്ല. എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. അതിനാൽ എല്ലാം അസത്യമാണ്. ഒരിക്കലും മാറാത്ത ഒന്നേയുള്ളു. അത് നിങ്ങൾ ആകുന്നു.

എന്തെങ്കിലും അനുഭവത്തിൽ വരണം എങ്കിൽ അത് ഇന്ദ്രിയങ്ങളിലൂടെയാണ്. പക്ഷേ അതിൻറെ യാഥാർഥ്യം എന്താണെന്ന് നമുക്കറിയില്ല. എന്തുകൊണ്ടാണ് നാം ഇന്ദ്രിയാനുഭവങ്ങളെ യഥാർത്ഥമായി കാണുന്നത് എന്നാൽ, എല്ലാവരും ഒരേ കാര്യം തന്നെ കാണുന്നത് കൊണ്ടാണ്. നമ്മൾ കാണുന്നത് തന്നെ അവരും കണ്ടില്ലെങ്കിൽ, അവരുടെ ഇന്ദ്രിയങ്ങൾക്കെന്തോ കുഴപ്പം ഉണ്ടെന്നാണ് നാം പറയുക.

ഒരു കലാകാരൻ ഒരു ചിത്രം കാണുന്നതായി പറയാം. അതിൽ അയാൾ പല കാര്യങ്ങളും കാണും. എന്നാൽ, ഒരു ഗ്രാമീണൻ ക്രമരഹിതമായ നിറങ്ങൾ മാത്രമാവും കാണുക. അപ്പോൾ ചിത്രം മനോഹരമാണോ അതോ അഭംഗിയാണോ? അതെല്ലാം പൂർണ്ണമായും മനസ്സ് സൃഷ്ടിച്ചതാണ്.

അത് ആരാണ് കാണുന്നുവോ ആ വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു. ഭംഗിയും ഒരു മിഥ്യയാണ്. ഇവിടെ യോജിപ്പില്ല, അതിനാൽ ഇത് മനോഹരമായ ഒരു ചിത്രമാണെന്ന് പറയുന്നത് ശരിയല്ല.

അസ്ഥിരത

നമ്മൾ എല്ലാം അതേപടി നിലനിർത്തുകയാണെങ്കിൽ, അതായത്, ഇന്ദ്രിയങ്ങൾ, ലോകനിയമങ്ങൾ അതേപടി നിലനിൽക്കട്ടെ, മനസ്സും ബുദ്ധിയും പോലും അതേപടി നിലനിൽക്കട്ടെ, എന്നിട്ട് നമ്മൾ ഒരു വീഡിയോ എങ്ങനെ വേഗത്തിൽ മുന്നോട്ട് ഓടിക്കുന്നുവോ അതുപോലെ തന്നെ കാലത്തിന്റെ വേഗതയും കൂട്ടിയതായി നമ്മൾ സങ്കൽപ്പിക്കുന്നു. ഇപ്പോൾ സമയത്തിന്റെ വേഗത വളരെയധികം വർദ്ധിച്ചുവെന്ന് കരുതുക, ആ തക്കാളി 5 ദിവസത്തിന് പകരം 5 മണിക്കൂർ കൊണ്ട് ചീഞ്ഞഴുകിപ്പോയി, അത് ഇപ്പോൾ ഇല്ലാതായി. ഇപ്പോൾ തക്കാളിയെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്, അത് യഥാർത്ഥമാണോ?

ഇപ്പോൾ നമുക്ക് സമയത്തിൻ്റെ വേഗത ഒന്ന്കൂടി കൂട്ടാം. ഇപ്പോൾ അത് 5 മിനിറ്റിൽ ചീഞ്ഞു പോകും. യഥാർത്ഥത്തിൽ ഇത് തക്കാളിയാണോ?

ഇപ്പോൾ നമുക്ക് സമയത്തിൻ്റെ വേഗത ഇനിയും കൂട്ടാം. ഇപ്പോൾ അത് 5 സെക്കൻഡിനുള്ളിൽ ചീഞ്ഞഴുകിപ്പോകും. നിങ്ങൾ ഒരു തക്കാളി എടുത്ത് മേശപ്പുറത്ത് വെച്ച് മുറിക്കാൻ കത്തി എടുക്കുമ്പോഴേക്കും, അത് 5 സെക്കൻഡിനുള്ളിൽ അപ്രത്യക്ഷമാകും. തക്കാളിയെ കുറിച്ച് എന്താണ് തോന്നുക? ഒരുപക്ഷേ, നിങ്ങൾ സ്വപ്നം കാണുകയാണെന്ന് തോന്നിയേക്കാം. യഥാർത്ഥത്തിൽ തക്കാളി ഉണ്ടായിരുന്നുവോ എന്ന് നിങ്ങൾക്ക് സംശയം ഉണ്ടാകാം.

ഇപ്പോൾ സമയത്തിൻ്റെ വേഗത ഒന്നുകൂടി കൂടുതലാക്കാം. തക്കാളി ഞൊടിയിടയിൽ വന്നു മറയും. ഇപ്പോൾ അവിടെ തക്കാളി ഉണ്ടോ?

നാം തക്കാളിയുടെ പരിണാമം കണ്ണുകളുടെ കാഴ്ചയുടെ പരിധിക്കപ്പുറം എന്ന വിധത്തിൽ സമയത്തിൻ്റെ വേഗത കൂട്ടാം. ഇപ്പോൾ നിങ്ങൾ തക്കാളിയെ ശ്രദ്ധിക്കുന്നതിനുമുമ്പ് തന്നെ അത് അപ്രത്യക്ഷമായി പോകും.

സമയം വേഗത്തിലാക്കുന്നതിലൂടെ, യഥാർത്ഥവും ഉപയോഗപ്രദവുമായിരുന്നവ എല്ലാം, പൂർണ്ണമായും വ്യാജവും ഉപയോഗശൂന്യവുമാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. വളരെ വേഗത്തിൽ മാറുകയാണെങ്കിൽ അവിടെ ആ വസ്തു ഉണ്ടാകില്ല. വെറും മാറ്റം മാത്രമാണ് നിലനിൽക്കുന്നത്. എല്ലാ വസ്തുവും ഇതുപോലെ അല്ലേ? കുറച്ചുകാലം മാത്രം നിലനിൽക്കുന്നതിനെ എല്ലാം, വാസ്തവത്തിൽ ഉണ്ടെന്ന് നാം പറയുന്നത്, അത് നമ്മുടെ ഓർമ്മയിൽ കിടക്കുന്നത് കൊണ്ടാണ്.

തക്കാളി 5 ദിവസത്തേക്ക് ഓർമയിൽ അവശേഷിക്കുന്നത് അതിജീവനത്തിന് ഉപയോഗപ്രദമാണ്, അതിനാൽ ഇത് യഥാർത്ഥമാണ്. എല്ലാം ഇങ്ങനെയാണ്, സമയത്തിൻ്റെ വേഗത കൂട്ടുമ്പോൾ അത് ഒരു സ്വപ്നം പോലെയാകുന്നു. ഒരു സ്വപ്നം എത്ര വേഗമേറിയതാണെന്നും അത് എത്ര ഉപയോഗശൂന്യമാണെന്നും നമുക്ക് കാണാൻ കഴിയുന്നു. സ്വപ്നങ്ങൾ അയഥാർത്ഥവും വ്യാജവും അർത്ഥശൂന്യവുമാണെന്ന് നാം പറയുന്നു. നിങ്ങളെ അപേക്ഷിച്ച് എല്ലാം മാറാൻ തുടങ്ങിയാൽ, നിങ്ങൾ അതിനെ ഒരു സ്വപ്നമായി കാണും.

നമുക്ക് മറ്റൊരു ഉദാഹരണം എടുക്കാം. ഒരു ദിവസം നിങ്ങൾ പുറത്തിറങ്ങുമ്പോൾ മനോഹരമായ ഒരു പൂന്തോട്ടം കാണുന്നു. അടുത്ത ദിവസം പൂന്തോട്ടത്തിൻ്റെ സ്ഥാനത്ത്, 100 വർഷം കടന്നുപോയത് പോലെ അവശിഷ്ടങ്ങളും മരുഭൂമിയും നിങ്ങൾ കാണുന്നു. അതിൻ്റെ അടുത്ത ദിവസം നിങ്ങൾ ഉണരുമ്പോൾ മരുഭൂമിയുടെ സ്ഥാനത്ത് ഒരു മല കാണുന്നു. 100 വർഷം കൂടി കടന്നു പോയിരിക്കുന്നു. അപ്പോൾ നിങ്ങൾ ഇതിനെ വിശ്വസിക്കുമോ?

എന്നാൽ എല്ലാം ഇതുപോലെയല്ലേ നേരത്തെ തന്നെ സംഭവിക്കുന്നത്? വ്യത്യാസം അത് സാവധാനത്തിലാണ് സംഭവിക്കുന്നത് എന്ന് മാത്രം. കാര്യങ്ങൾ സാവധാനം നീങ്ങുന്നതിനാൽ അവ യാഥാർത്ഥ്യമാണെന്ന് തോന്നുന്നു. ഇത് തന്നെയാണ് ചിന്തകൾക്കും വികാരങ്ങൾക്കും സംഭവിക്കുന്നത്. വികാരങ്ങൾ വളരെ വേഗത്തിൽ മാറുന്നു, ചിന്തകൾ അതിലും കൂടുതൽ വേഗത്തിൽ മാറുന്നു. അവ ആവർത്തിക്കുന്നതിനാൽ നാം അവയെ യഥാർത്ഥമായി കണക്കാക്കുന്നു. എല്ലാ അനുഭവവും ഇങ്ങനെ തന്നെ. എല്ലാ അനുഭവത്തിന്റെയും ഓർമയുള്ളതിനാൽ അത് യഥാർത്ഥമാണെന്ന് തോന്നുന്നു. അതിൽ മിഥ്യാധാരണയുടെ സ്ഥിരതയുണ്ട്.

അതിനാൽ നിങ്ങൾ ദിവസവും ദേഷ്യപ്പെടുന്നുണ്ടെങ്കിൽ, അത് നിങ്ങളുടെ യഥാർത്ഥമാകുന്നു. എന്നാൽ ജീവിതത്തിൽ ഒരിക്കൽ മാത്രം ദേഷ്യം അനുഭവിക്കുകയാണെങ്കിൽ ദേഷ്യം എന്നൊന്ന് ഉണ്ടെന്ന് നിങ്ങൾ അറിയില്ല. കോപം ആവർത്തിക്കുന്നതിനാൽ, അത് യഥാർത്ഥമാണെന്ന് നിങ്ങൾ ധരിക്കുന്നു. ആവർത്തിക്കുന്നത് നിർത്തിയാൽ അത് നിങ്ങളുടെ യാഥാർത്ഥ്യമാവില്ല.

ഓർമ വെറും ആവർത്തനമാണ്, അതിനാൽ യഥാർത്ഥമെന്ന് ദൃശ്യമാകുന്നു. ചിലപ്പോൾ അത് അതിജീവനത്തിന് ഉപകാരപ്പെടും; സ്നേഹം, കോപം തുടങ്ങിയവ പോലെ. അതിനാൽ സത്യത്തിന്റെ മാനദണ്ഡങ്ങൾ ഏകപക്ഷീയവും ആത്മനിഷ്ഠവുമാണ്. ആർക്കും സ്വന്തം ധാരണയ്ക്കും ഇഷ്ടത്തിനും അനിഷ്ടത്തിനും അനുസരിച്ച് ഏത് മാനദണ്ഡവും നിശ്ചയിക്കാം.

20 പേർ ഒരു തക്കാളി കണ്ടാൽ അത് ചുവന്നതും ഉരുണ്ടതും രുചികരവുമാണെന്ന് എല്ലാവരും പറഞ്ഞാൽ അത് യാഥാർത്ഥ്യമാണ്.

എന്നാൽ ആ തക്കാളിയെ 20 പേർ സ്വപ്നത്തിൽ കണ്ടെങ്കിൽ നിങ്ങൾ ഉറക്കമുണരുമ്പോൾ, ആ തക്കാളി യാഥാർത്ഥ്യമാണോ?

ഉണർന്നിരിക്കുന്ന അവസ്ഥയിലും സ്വപ്നാവസ്ഥയിലും മാനദണ്ഡം ഒന്നുതന്നെയായിരുന്നു. എന്നാൽ ഒരു അവസ്ഥയിൽ അത് യാഥാർത്ഥ്യമായിരുന്നു മറ്റൊന്നിൽ യാഥാർത്ഥ്യം ആയിരുന്നില്ല. അപ്പോൾ യാഥാർത്ഥ്യം ഏകപക്ഷീയമാണ്.

ഓർമ

എല്ലാ സംഭവങ്ങളും വസ്തുക്കളും അപ്രത്യക്ഷമാകുകയോ തിരിച്ചറിയാൻ കഴിയാത്തവിധം മാറുകയോ ചെയ്‌താലും അവയും അവയിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും നമ്മുടെ ഓർമ്മയിൽ ഉള്ളതിനാൽ യഥാർത്ഥമാണെന്ന് ചിലർ പറഞ്ഞേക്കാം. നിങ്ങളുടെ ഓർമ്മയിൽ ഒരു തക്കാളി ഉണ്ടെങ്കിൽ അതിനെ ഇപ്പോൾ കഴിക്കാമോ? കഴിയുകയില്ലെങ്കിൽ അത് യഥാർത്ഥമാണോ?

അത് ഓർമയിൽ ഒരു നിഴൽ മാത്രമാണ്. നിങ്ങളുടെ ഓർമയിലുള്ളതൊന്നും യഥാർത്ഥമല്ല. നിങ്ങളുടെ ജീവിതം മുഴുവൻ ഒരു നിഴലാണ്. അതിൽ ആളില്ല, ജീവിതമില്ല. തികച്ചും വ്യാജമാണ്. നിങ്ങൾ പറഞ്ഞേക്കാം ഞാൻ ഒരു ഡോക്ടറാണ്, എൻജിനീയറാണ്, ശാസ്ത്രജ്ഞനാണ്, എഴുത്തുകാരനാണ്, ഇന്ന ആളിൻ്റെ മകനോ/മകളോ ഭാര്യയോ ഭർത്താവോ ആണ്, ഞാൻ ജീവിതത്തിൽ കുറെയധികം ചെയ്തിട്ടുണ്ട്, ഞാൻ ഈ മഹത്തായ രാജ്യത്തിലും, ശ്രേഷ്ഠമായ വംശത്തിലും പെട്ടതാണ് എന്നെല്ലാം; ഇതെല്ലാം ഓർമയിൽ നിറച്ചിരിക്കുന്നവയാണ്, അത് വെറും ഒരു നിഴൽ മാത്രമാണ്.

ഓർമ യഥാർത്ഥമല്ല. ഓർമയിൽ ഉള്ളതൊന്നും യാഥാർത്ഥ്യമല്ല. എന്നാൽ അത് അതിജീവനത്തിന് ഉപയോഗപ്രദമാണ്. അതിജീവനത്തിന് നിങ്ങൾക്കത് ആവശ്യമില്ലെങ്കിൽ, അതിനെ ഉപേക്ഷിക്കാം. നിങ്ങൾ (സാക്ഷി) അതിജീവിക്കേണ്ട ആവശ്യമില്ല, ശരീരത്തിന് മാത്രമാണ് അതിജീവിക്കേണ്ട ആവശ്യമുള്ളത്. പക്ഷെ ശരീരം നിങ്ങളല്ല.

നിങ്ങൾക്ക് ഓർമ്മയുടെ ആവശ്യമില്ല, ലോകത്തിൻ്റെ ആവശ്യമില്ല. പക്ഷേ ശരീരത്തിന് ലോകം ആവശ്യമാണ്. നിങ്ങൾക്ക് ഓർമ്മയെ ഉപേക്ഷിക്കാൻ കഴിയാത്തതിനാൽ, ലോകത്തെ യാഥാർഥ്യമായി നിങ്ങൾ അംഗീകരിച്ചു. നമ്മുടെ ജീവിതം ഓർമ്മകൾ കൊണ്ട് നെയ്ത മിഥ്യയാണ്, എന്നാൽ അത് സത്യമാണെന്ന് വിശ്വസിച്ച് നാം അജ്ഞതയിൽ ജീവിക്കുന്നു.

അവബോധത്തിൽ (സാക്ഷിഭാവത്തിൽ) ജീവിക്കുമ്പോൾ നാം സത്യമായി ജീവിക്കുന്നു. ഇതാണ് അറിവ്. സത്യവും അസത്യവും എന്തെന്ന അവബോധത്തിൽ നാം ജീവിക്കുന്നു.

ഇതാണ് മിഥ്യയെക്കുറിച്ചുള്ള ജ്ഞാനം. മായയെക്കുറിച്ചുള്ള അറിവ്.

ഞാൻ (സാക്ഷി) ഒഴികെ എല്ലാം മിഥ്യയാണ്.

ദിവസം 3: ഏകത്വത്തെ കുറിച്ചുള്ള ജ്ഞാനം

ഇവിടെ നമ്മൾ പര്യവേക്ഷണം ചെയ്യുന്നത്: എല്ലാം എങ്ങനെയാണ് ഏകമാകുന്നത്? എങ്ങനെയാണ് ഇവിടെ ദ്വൈതം ഇല്ലാത്തത്? എന്തുകൊണ്ട് അസ്തിത്വം ദ്വൈതമല്ല? എന്താണ് അസ്തിത്വം ?


അസ്തിത്വം

നമുക്ക് ആദ്യം അസ്തിത്വത്തെ നിർവചിക്കാം. ഉള്ളത് എല്ലാം അസ്തിത്വമാണ്. എന്തെല്ലാമാണ് അസ്തിത്വത്തിൽ ഉള്ളത്? എവിടെ പോയാലും, എന്ത് കണ്ടാലും ഒരു അനുഭവമുണ്ടാകും, അത് അനുഭവിക്കുന്ന അനുഭവസ്ഥനുമുണ്ടാവും. ഇവ രണ്ടും എപ്പോഴും ഒരുമിച്ചാണ്. ഇവയാണ് അടിസ്ഥാനം, ഇവ രണ്ടുമാണ് നിലനിൽപ്പ്. ഇവ ഒന്നാണെന്ന് നമുക്ക് കാണാം. ഇവയെ അസ്തിത്വം എന്ന് നാം വിളിക്കുന്നു.

അനുഭവവും അനുഭവസ്ഥനും അല്ലാതെ മറ്റെന്തെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? എന്തെങ്കിലും നിലനിൽക്കുന്നുണ്ട് എന്ന് പറഞ്ഞാൽ, നിങ്ങൾ അതിനെ അനുഭവിക്കേണ്ടിവരും. അതിന് നിങ്ങൾക്ക് തെളിവുകൾ ആവശ്യമാണ്. തെളിവുകൾ എല്ലായ്പ്പോഴും അനുഭവത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്, അനുഭവിക്കപ്പെടുന്നത് ആണ്. അതിനെ അനുഭവിക്കാൻ കഴിയുന്നില്ലെങ്കിൽ അത് അനുഭവം അല്ല, അനുഭവസ്ഥനാണ്. എല്ലായ്പ്പോഴും അത് ഇങ്ങനെയാണ്. അതിനാൽ അനുഭവം മിഥ്യയും അനുഭവസ്ഥൻ സത്യവും, അഥവാ സത്തയും ആകുന്നു.

അനുഭവവും അനുഭവസ്ഥനുമാണ് അസ്തിത്വമെങ്കിൽ, അസ്തിത്വത്തിന്റെ സത്ത എന്താണ്? യഥാർത്ഥത്തിൽ അസ്തിത്വം എന്താണ്? അത് അനുഭവവും അനുഭവസ്ഥനുമാണ്. വ്യക്തമായും എല്ലാത്തിൻ്റെയും അനുഭവസ്ഥൻ ഞാനാണ്. അതിനാൽ അസ്തിത്വത്തിന്റെ സാരാംശം ഞാൻ തന്നെയാണ്.

സമ്പൂർണ അസ്തിത്വവും ഞാനാണ്.

ഇതിൽ എന്തെങ്കിലും സംശയമുണ്ടോ?

എപ്പോഴും ഒരുമിച്ച്

നമുക്ക് ഒന്നുകൂടി കൂടുതൽ തെളിവുകൾ പരിശോധിക്കാം.

അനുഭവസ്ഥൻ ഇല്ലാതെ അനുഭവം മാത്രം ഉണ്ടായിട്ട് നിങ്ങൾ കണ്ടിട്ടുണ്ടോ? അതുപോലെ, അനുഭവം ഇല്ലാതെ ഒരു അനുഭവസ്ഥനും ഉണ്ടോ? ഇവ രണ്ടും എപ്പോഴും ഒരുമിച്ചാണ്. എന്തുകൊണ്ടാണത്? എന്തെങ്കിലും എപ്പോഴും ഒരുമിച്ചാണെങ്കിൽ, നമുക്ക് അവയെ വേറിട്ട് കാണാൻ കഴിയില്ല, അപ്പോൾ അവ ഒന്നാണെന്നും ഒന്നുപോലെയാണെന്നും നാം പറയുന്നു. കളിമണ്ണില്ലാതെ കലം ഇല്ലാത്തത് പോലെ, സ്വർണ്ണമില്ലാതെ ആഭരണവും വെള്ളമില്ലാതെ തിരമാലകളും ഒരിക്കലും കാണില്ല. സ്വർണ്ണത്തിൽ മാറുന്ന ഭാവം ആഭരണം, കളിമണ്ണിൽ മാറ്റ ഭാവം കലം, വെള്ളത്തിൽ മാറുന്ന ഭാവം തരംഗം. അനുഭവത്തിലും അനുഭവസ്ഥനിലും, മാറുന്നത് അനുഭവമാണ്, മാറാത്തത് അനുഭവസ്ഥനാണ്, അവ രണ്ടും ഒന്നാണ്. അതിനാൽ, എല്ലാം ഞാനെടുത്ത രൂപമാണ്. അതുകൊണ്ടാണ് ഞാനില്ലാതെ ഒരു രൂപവും ഇല്ലാത്തത്. മനസ്സ് അനുഭവത്തെയും അനുഭവസ്ഥനെയും വേർതിരിക്കുന്നു. എന്നാൽ മനസ്സ് തന്നെ ഒരു അനുഭവമാണ്. അതിനാൽ ഇത് ഒരു മിഥ്യയാണ്, അവ രണ്ടാണെന്നത് (ദ്വൈതം) മിഥ്യാധാരണയാണ്.

വേർപിരിയൽ

നമുക്ക് ‘രണ്ടിന്റെ’ തെളിവു കണ്ടെത്താം. അനുഭവവും അനുഭവസ്ഥനും തമ്മിൽ എന്തെങ്കിലും വേർതിരിവുണ്ടോ? അങ്ങനെ നാം നേരിട്ടുള്ള അനുഭവത്തിലേക്ക് വരാം.

ഇനിപ്പറയുന്ന ചോദ്യങ്ങൾ തന്നിരിക്കുന്ന ക്രമത്തിൽ സ്വയം ചോദിക്കുക.

നിങ്ങൾ എവിടെ ആണ്?

എന്താണ് നിങ്ങളുടെ മുന്നിൽ?

അനുഭവസ്ഥനിൽ നിന്ന് ആ വസ്തു എത്ര അകലെയാണ്?

ഒരു ടേപ്പ് അല്ലെങ്കിൽ സ്കെയിൽ ഉപയോഗിച്ച് അളക്കാൻ ശ്രമിക്കുക. എന്നാൽ, ദൂരം അളക്കേണ്ടത് ശരീരത്തിൽ നിന്നാകരുത്, നിങ്ങളിൽ നിന്ന് അഥവാ അനുഭവസ്ഥനിൽ (സാക്ഷി) നിന്ന് ആയിരിക്കണം. അജ്ഞത കാരണം, വസ്തു പുറത്തുണ്ടെന്ന് മനസ്സ് പറയുന്നു. മനസ്സ് എപ്പോഴും ശരീരത്തെ ഞാൻ എന്നും വിളിക്കുന്നു. അത് ഞാനല്ലെന്ന് മനസ്സ് ഒരിക്കലും പറയില്ല.

എവിടെ അനുഭവസ്ഥനുണ്ടോ അവിടെ അനുഭവവുമുണ്ട്. അവ എപ്പോഴും ഇവിടെയുണ്ട് ഇപ്പോഴുണ്ട്. മറ്റുള്ളതെല്ലാം മനസ്സ് സൃഷ്ടിച്ച വെറും ഭാവന മാത്രമാണ്. നിങ്ങൾ ഉള്ളിടത്താണ് വസ്തു ഉള്ളതെങ്കിൽ, നിങ്ങൾ എവിടെയോ അവിടെയാണ് ലോകം മുഴുവനും ഉള്ളത് . മറ്റുള്ളതെല്ലാം ഇന്ദ്രിയങ്ങൾ രചിക്കുന്ന മിഥ്യാബോധം മാത്രമാണ്, അവിടെ വാസ്തവത്തിൽ ഒന്നുമില്ല. ഇന്ദ്രിയങ്ങളിലൂടെ അറിയുന്ന എല്ലാ അനുഭവങ്ങളും മാനസികമാണ്. നിങ്ങളുടെ അനുഭവങ്ങൾ എനിക്ക് അറിയാൻ കഴിയില്ല, എന്റെ അനുഭവങ്ങൾ നിങ്ങൾക്ക് അറിയാൻ കഴിയില്ല. അതുകൊണ്ടാണ് എല്ലാം എന്നിലാണെന്ന് കവിതാപരമായി നാം പറയുന്നത്. എന്നിൽ നിന്ന് വേറിട്ട് ഒന്നുമില്ല. എല്ലാം എന്നിലുണ്ട്. ഞാനാണ് അസ്തിത്വം, എല്ലാം എന്നിലാണ്. ഇതാണ് നേരിട്ടുള്ള നിരീക്ഷന്നം.

നമുക്ക് ഒരു ഉദാഹരണം കൂടി എടുക്കാം.

അനുഭവം ആദ്യം സംഭവിക്കുകയും അനുഭവസ്ഥൻ പിന്നീട് വരികയുമാണോ?

അനുഭവസ്ഥൻ ആദ്യം വരികയും അനുഭവം പിന്നീട് സംഭവിക്കുകയും ആണോ?

അനുഭവവും അനുഭവസ്ഥനും എല്ലായിടത്തും എല്ലാ കാലത്തും ഒരുമിച്ചാണ്. അവ തമ്മിൽ വേർപിരിയലുണ്ടാകാൻ ഒരു സാധ്യതയുമില്ല. പ്രകൃതിയിൽ ഈ രണ്ട് ആശയങ്ങളും വേർതിരിച്ചുള്ളതായി കാണപ്പെടുന്നു, പക്ഷേ അവയെ വേർതിരിക്കാനാവില്ല. അനുഭവങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു, അവ വ്യത്യസ്തമാണ്, പക്ഷേ അനുഭവസ്ഥനിൽ നിന്ന് വേറിട്ട് നിൽക്കുന്നില്ല. തിരമാലകൾ മാറുന്നു, പക്ഷേ അവ വെള്ളത്തിൽ നിന്ന് വേർപെട്ടാണോ ഉള്ളത്? കളിമണ്ണിൻ്റെ ആകൃതി മാറുന്നു, ഏന്നാൽ മൺകലവും കളിമണ്ണും തമ്മിൽ വേർതിരിവുണ്ടോ? വ്യത്യാസങ്ങളെ മനസ്സു കണ്ടെത്തുകയും അവ രണ്ടാണെന്ന് പറയുകയും ചെയ്യുന്നു.

അതിര്

എല്ലാം എവിടെയാണുള്ളത് എന്ന് അറിയാൻ ഒരു വഴി കൂടിയുണ്ട്.

എനിക്കും വസ്തുവിനും ഇടയിൽ അതിർത്തി എവിടെയാണ്?

വസ്തു പുറത്താണ് ഉള്ളതെങ്കിൽ, അനുഭവസ്ഥൻ ആരംഭിക്കുന്നിടത്തിനും അനുഭവം അവസാനിക്കുന്നിടത്തിനും ഇടയിലുള്ള അതിര് എവിടെയാണ്?. അനുഭവസ്ഥൻ അവസാനിക്കുന്നതും അനുഭവം ആരംഭിക്കുന്നതും എവിടെയാണ്? പ്രബോധനം കാരണം എല്ലാ കാര്യങ്ങളും ശരീരത്തിന് പുറത്തുള്ളതായി നാം കാണുന്നു, എന്നാൽ ശരീരം എവിടെയാണ്? ശരീരം മനസ്സിന് പുറത്താണെന്ന് പറയും. എന്നാൽ പിന്നെ മനസ്സ് എവിടെയാണ്? അത് എനിക്ക് പുറമേയാണ് ഉള്ളതെന്നും, അത് ഞാനല്ലെന്നും ചിലർ പറയും. മനസ്സിനും എനിക്കും തമ്മിൽ അതിര് എവിടെയാണ്? വസ്തു പുറമേയാണ് ഉള്ളതെന്ന് പറയാം, ഏന്നാൽ ചിന്തകളെ കുറിച്ച് നിങ്ങൾ എന്ത് പറയും?.

യഥാർത്ഥത്തിൽ അതിരുകളില്ല. അജ്ഞത മിഥ്യാബോധം ഉണ്ടാക്കുകയാണ്. അനുഭവവും അനുഭവസ്ഥനും ഒന്നാണ്, ഒന്നിൻ്റെ രണ്ട് വശങ്ങളാണ്. അതാണ് ഞാൻ, ഞാനാണ് ഈ മൊത്ത അസ്തിത്വവും.

അപ്പോൾ മറ്റു ആളുകളൊക്കെ ആരാണ്? അവരും അതു തന്നെ പറയും, ഞാൻ അസ്ഥിത്വമാണെന്ന്. അപ്പോൾ നിരവധി അനുഭവസ്ഥരും നിരവധി അസ്തിത്വങ്ങളും ഉണ്ടാകേണ്ടതുണ്ടോ? അത് സാധ്യമല്ല. അനന്തമായ അനുഭവങ്ങളിലൂടെ അനുഭവിക്കുന്ന ഒറ്റ ഒരു അനുഭവസ്ഥൻ മാത്രമേയുള്ളൂ.

അനുഭവസ്ഥൻ എന്ത്കൊണ്ട് ഉണ്ടാക്കപ്പെട്ടതാണ്? ഒന്നുമില്ല, ശൂന്യതയാണ്. അസ്തിത്വം എന്തിനെകൊണ്ട് ഉണ്ടാക്കപ്പെട്ടതാണ്? ശൂന്യത മാത്രമാണ്. പക്ഷേ നമ്മൾ എല്ലായ്പ്പോഴും അനുഭവത്തെയും അനുഭവസ്ഥനേയും കാണുന്നുണ്ട്. അസ്തിത്വം ശൂന്യമാണ്, പല രൂപങ്ങളിൽ സ്വയം സാക്ഷ്യം വഹിച്ച് അനുഭവിക്കുന്നു . ഇതാണ് ഏകത്വത്തെക്കുറിച്ചുള്ള അറിവ്, അദ്വൈതം.

അദ്വൈതം

എങ്ങനെയാണ് ഒരാൾക്ക് ഏകത്വം അനുഭവിക്കാൻ കഴിയുക?

ഏകത്വം ഒരു അനുഭവമല്ല. ഒരു അനുഭവം ഉണ്ടായാലുടൻ തന്നെ അവിടെ അനുഭവസ്ഥനുമുണ്ട്. അത് വെറും ‘ആയിരിക്കുക’ എന്നത് മാത്രമാണ്. ‘ആയിരിക്കുന്നത് ആണ്’ ഏകത്വം. ഇപ്പോൾ നിങ്ങൾ അത് തന്നെയാണ്. മനസ്സ് അതിനെ വിഭജിക്കും. പക്ഷേ വിഭജനം ഇല്ലെന്ന് അറിയാൻ മനസ്സിനെ ഉപയോഗിക്കാൻ കഴിയും. വിഭജിക്കുന്നത് മനസ്സിന്റെ സ്വഭാവമാണ്, അതിനു അപ്പുറം കടന്ന്, അവ രണ്ടല്ലെന്ന് ബുദ്ധിക്ക് കാണാൻ കഴിയും. രണ്ടല്ലെന്ന് നാം പറയുന്നത് അതുകൊണ്ടാണ്. അതിനെ അദ്വൈതം എന്നു നമ്മൾ പറയും. അതിനാൽ അതിനെ നാം ‘അനുഭവിക്കുന്നത്’ എന്ന് പറയുന്നു. ‘അനുഭവിക്കുന്നത് ‘ എന്ന് മാത്രം. ഈ നിമിഷം നാം ‘അനുഭവിക്കുന്നത്‘ എന്ന അവസ്ഥയിലാണ്. ഇത് അദ്വൈത അവസ്ഥയാണ്. ഈ ഒരു അവസ്ഥ മാത്രമേ സാധ്യമുള്ളു. ഇതാണ് അസ്തിത്വത്തിന്റെ അവസ്ഥ.

നിസ്സംഗതയിലൂടെ ഈ അനുഭവിക്കുന്നതിൽ ആയിരിക്കാൻ സാധിക്കും.

ഒന്ന് ഇരുന്ന് നിസ്സംഗതയിൽ നിങ്ങളുടെ ശരീരം, ചിന്തകൾ, ആഗ്രഹങ്ങൾ, ഞാൻ എന്ന അഹം എന്നിവയിൽ നിങ്ങളുടെ ശ്രദ്ധ വ്യാപിപ്പിക്കുക, എല്ലാം നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരിക, ഇതെല്ലാം വെറും അനുഭവമാണ്, നിങ്ങൾ അതിനെ 'അനുഭവിക്കുന്നത്’ ആയിരിക്കുകയാണ് എന്ന് കാണും. ഇതാണ് സമാധി. നമ്മൾ എപ്പോഴും തന്നെ സമാധിയിലാണ്, എന്നാൽ മാനസിക പ്രവർത്തനങ്ങൾ അതിനെ മറയ്ക്കുന്നു. ഉണർന്നിരിക്കുന്ന അവസ്ഥയിൽ എല്ലാം പിന്നിൽ മറഞ്ഞിരിക്കുന്നു, പക്ഷേ ശ്രദ്ധിച്ചാൽ അതെല്ലാം ശൂന്യമാണെന്ന് അറിയാൻ കഴിയും. അവിടെ 'ഞാൻ' എന്നത് ഇല്ല, ഇത് ശൂന്യമാണ്.

ഇതാണ് ശൂന്യത, ഇതാണ് ഏകത്വം, ഇതാണ് മുഴുവൻ അസ്തിത്വവും. അസ്തിത്വത്തിന് മുന്നിൽ എല്ലാം സ്വപ്നം പോലെ പ്രത്യക്ഷപ്പെടുന്നു. നിങ്ങൾക്ക് സമാധിയിൽ ആയിരിക്കണമെങ്കിൽ അത് ഇവിടെത്തന്നെ ഉണ്ട്.

നിങ്ങൾ ദ്വൈതം അല്ലാത്ത അസ്ഥിത്വമാണ്, സ്വയം ഒരു മിഥ്യാ സ്വപ്നമായി അനുഭവിക്കുന്നു.

അന്വേഷണം (തേടൽ) ഇവിടെ സമാപിക്കുന്നു, ഇതാണ് ആത്മീയതയുടെ അവസാനം, അറിവിന്റെ അവസാനം.

മറ്റ് പതിപ്പുകൾ

ഈ ഭാഷകളിൽ മനുഷ്യ വിവർത്തനങ്ങൾ ലഭ്യമാണ്:

  1. ഹിന്ദി
  2. മറാത്തി
  3. ഗുജറാത്തി
  4. നേപ്പാളി
  5. ജർമ്മൻ
  6. പേർഷ്യൻ
  7. Maithili

ഇംഗ്ലീഷിലുള്ള ഓഡിയോ പതിപ്പ്:

  1. ദിവസം 1
  2. ദിവസം 2
  3. ദിവസം 3

ഹിന്ദിയിലെ ഓഡിയോ പതിപ്പ്:

  1. ഭാഗം 1
  2. ഭാഗം 2
  3. ഭാഗം #3
  1. യൂട്യൂബ്-ൽ ഭാഗം #1
  2. യൂട്യൂബ്-ൽ ഭാഗം #2
  3. യൂട്യൂബ്-ൽ ഭാഗം #3

പിന്തുണ

ഈ കാര്യക്രമത്തിലൂടെ അറിവ് ലഭിച്ച ശേഷം ഭൂരിഭാഗം അന്വേഷകരും സന്തോഷം, ലഘുത്വം, ആനന്ദം, സകാരാത്മക വികാരങ്ങൾ എന്നിവ അനുഭവിക്കും, ഏന്നാൽ ചില അന്വേഷകർക്ക് ഈ കോഴ്‌സിന് ശേഷം കുറച്ച് ദിവസത്തേക്ക് പിന്തുണ ആവശ്യമായി വന്നേക്കാം.

ചില ലക്ഷണങ്ങൾ അല്ലെങ്കിൽ പ്രകടനങ്ങൾ ഉണ്ടാകാം. അങ്ങേയറ്റത്തെ വികാരങ്ങൾ ഉണ്ടാകാം. ചിലരിൽ കരച്ചിൽ അല്ലെങ്കിൽ എല്ലാത്തിലും താൽപര്യക്കുറവ് ഉണ്ടാകാം. ഏതാനും ദിവസങ്ങൾ മുതൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ജീവിതശൈലി, ബന്ധങ്ങൾ അല്ലെങ്കിൽ ജോലി മുതലായവയിൽ വലിയ മാറ്റങ്ങൾക്ക് ഇത് കാരണമാകും.

ഇത് മിക്കപ്പോഴും ഒരു ദോഷവും വരുത്തുകയില്ല, എന്നാൽ ചില സാധകർക്ക് ഭയം , അസ്വസ്ഥത , നിരാശ, വിഷാദം, അസുഖം തുടങ്ങിയവ അനുഭവപ്പെടാം. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവ മാറും. എന്നാൽ അത്തരമൊരു സാധകൻ ചില വൈദ്യപരിശോധനകൾ നടത്തുകയും, തുടർന്ന് സമർപ്പണത്തോട് തുടരുകയും ആവശ്യമുള്ളിടത്തോളം കാലം ഗുരുവുമായി സമ്പർക്കത്തിൽ ഇരിക്കുകയും വേണം.